Labels

Saturday, September 8

പ്രണയവ്യായാമം



അനാഥർ ഉണ്ടാവുന്നത്
പ്രണയം വിവാഹമാവുമ്പോഴാണ്

 തുപ്പൽ തെറിപ്പിക്കുന്ന
പുതുവർത്തമാനങ്ങളിൽ
പലവുരു ഞെട്ടിക്കഴിഞ്ഞാണ്
അയാളുടെ ഫൗൾ പ്ലേയിൽ
അവളുടക്കിയത്, 
 
ചുറ്റുകൂട്ടങ്ങളിൽ അയാൾ തള്ളിയ
ഉത്തേജകത്തിന്റെ
പാതിയൊഴിഞ്ഞ ആംപ്യൂളുകൾ കണ്ട്
കത്തിയാളി, അവൾ....
പിന്നെ മുനിഞ്ഞമർന്നൊരു
കരിന്തിരിയായി
 
കൈക്കുറ്റങ്ങളിൽ കുരുങ്ങി
ചവിട്ടടയാളങ്ങളേറ്റ്
പകൽ വിയർപ്പിൽ കുതിർന്ന്
അഴുക്ക് പുരണ്ട് നിറം കെട്ട
നിശാവിരിപ്പിന്റെ ഒരറ്റത്തിരുന്ന്
അയോഗ്യയാക്കപ്പെട്ട അവൾ
കണ്ണ് പൊഴിയാതെ കരഞ്ഞു

 ഉപയോഗിച്ചെറിഞ്ഞ ഉറ പോലെ
പിടച്ചിൽ നിലച്ച്, 
ഉപേക്ഷിക്കപ്പെട്ട പ്രണയം..

ആവില്ലായിരുന്നു അവൾക്ക്
മികച്ച ഫോമിൽ നിൽക്കെ 
പൊടുന്നനെയൊരു വിരാമം
 
പഴയൊരു വിക്ടറി ലാപ്പിന്റെ
ആവേശലഹരിയിൽ 
ട്രാക്ക് സ്യൂട്ടിൽ ഉഷ്ണം നിറച്ച്
പുതിയ സമയം തേടി 
  അവളൊരുങ്ങി
 
ലാപ്പുകൾ കുറിച്ച് വെക്കാതെ
കുമ്മായവരകൾ പാലിച്ച്
മൈതാനം നിറഞ്ഞു കളിച്ചു അവൾ...
കളിനിയമങ്ങൾ തെറ്റിച്ച്

Thursday, March 1

കാഴ്ചകൾ

  
==================================================================   
    ആകാശത്തിൽ മുഷ്ടി ചുരുട്ടിയിടിച്ചും, ദൈവത്തിന്റെ മഹത്വം വിളിച്ചു പറഞ്ഞും, നിരത്ത് ചവിട്ടി മെതിച്ച് ഒരു സംഘം വടക്കോട്ട് പോയിട്ട് അധികം നേരമായിട്ടില്ല.
ഇപ്പോൾ വടക്കേ മാനത്ത് പുകയേറുന്നതും ചാനൽ വണ്ടികൾ തിടുക്കപ്പെട്ട് പാഞ്ഞ് പോകുന്നതും കാണാം.
കലണ്ടറിൽ നാളത്തെ അക്കം ഒരുക്കത്തിലാണ്, നാട്ടുതടങ്കലിന്റെ കൃത്രിമച്ചുവപ്പ് പൂശാൻ....

 ==================================================================
 
 

Friday, February 17

Friday, January 27

നിര്‍മ്മിതി

കുന്ന് തിന്ന്
പുഴ കുടിച്ച്
കൊട്ടാരങ്ങള്‍ക്ക് ദുര്‍മേദസ്സ്
മഴയൊഴിഞ്ഞു
പുക പിടിച്ച്‌
ഓട്ട വീണ നീലാംബരം

ഇല

കീറിപ്പറിച്ചും 
ഊരിയടര്‍ത്തിയും
അരിഞ്ഞും അരച്ചും 
കുതിര്ത്തും,വറുത്തും..
വിറ്റാമിന്‍ എ വേണമത്രേ
കണ്ണിനും, ജിമ്മിലെ വിയര്‍പ്പിനും...
എന്കിലിനി നില്‍ക്കേണ്ട
ഡി യുള്ള വെയില്‍ തീയില്‍
അവന്‍ തന്നെ  നടത്തട്ടെ
 പ്രകാശ സംശ്ലേഷണം !

ശനിയുടെ അപഹാരം


എന്റെ അവധിയെ കൊന്നു തിന്നവന്‍
 ഉറക്കച്ചടവിനെ ഗൌനിക്കാത്തവന്‍
വ്യാഴത്തിന്റെ വിശാല ഭൂമികയെ ആഹരിച്ചവന്‍.
പ്രതീക്ഷയുടെ സൂര്യനു ഗ്രഹണം വിധിച്ചവന്‍ ...!
എന്നിട്ടുമേന്തോ 
സ്വയം ഒടുങ്ങാന് ഒരുങ്ങിയവനു ശനി തന്നെ ശരി
സായിപ്പിനത്  സാറ്റര്‍ഡേ സിന്ഡ്രം, ഒരു  ഗിനിപ്പന്നി 
ശനിയൊരു നടപ്പുദീനം, പടര്ന്നും പകര്‍ന്നും അത്
മാലാഖയുടെ പേര് പേറുന്നൊരു ആത്മഹത്യാദിനം!

ലോഗ് ഇന്‍

വന്നിട്ട് കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ ,
കണ്ടാല്‍ മിണ്ടിയില്ലെങ്കില്‍,
ഇനിയും ഒരു തിരസ്കാരം... വയ്യ !
ഡ്രാഫ് റ്റുകളായി കാത്തിരിപ്പായിരുന്നു.
പോക്ക് വരവുകള്‍ക്കിടെ എന്നെന്കിലും
ഒരു വിളിയാളം..ഉവ്വോ..
മറന്നു പോയത്രേ, മറക്കാതിരിക്കുന്നതെങ്ങനെ?
എന്റെ പേരായിരുന്നല്ലോ നിന്റെ പാസ്‌ വേര്‍ഡ്‌
ഇനിയൊന്നു ചെയ്യാം,
എന്റെ ഐ.ഡി തുറക്കുക.
താക്കോല്‍ ഞാന്‍ നിനക്കിട്ട പേര് തന്നെ ...
അതും നീ മറന്നുവോ, ആവോ.. ?

Wednesday, January 25

ആതുരം

ആസന്ന നിലയിലായ
ഒരാശുപത്രിയുമായി
ആംബുലന്‍സ്‌ പായുന്നു,
അടിയന്തിര ചികിത്സ തേടി..!

Tuesday, January 24

ധൃതി

ആള്‍ക്കൂട്ടം
എന്തെയിങ്ങനെ
പതുക്കെ ?
മൂന്നു തുണിച്ചീന്തുകളുടെ
ഭാരമല്ലേയുള്ളൂ
എനിക്ക് ?